നൊബേല്‍ 2019: ഇവര്‍ പുരസ്‌കാര ജേതാക്കള്‍
ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രസതന്ത്രം, സാഹിത്യം, ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
രസതന്ത്രം
അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡ്ഇനഫ്, സ്റ്റാന്‍ലീ വിറ്റിങ്ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിറ യോഷിനോ എന്നിവര്‍ പങ്കിട്ടു. ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
- വെങ്കട്ട് രാമന്‍ രാമകൃഷ്ണനാണ് രസതന്ത്രത്തില്‍ നൊബേല്‍ നേടിയ ഇന്ത്യന്‍ വംശജന്‍. 2009-ല്‍ റോബോസോമുകളുടെ ഘടനയെയും പ്രവര്‍ത്തനത്തെയുംകുറിച്ച് നടത്തിയ പഠനത്തിനാണ് പുരസ്‌കാരം.
ഭൗതികശാസ്ത്രം
സ്വിറ്റ്സര്‍ലന്‍ഡുകാരനായ ജെയിംസ് പീബിള്‍സിന് ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കും മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്ക് സൗരയൂഥത്തിനുപുറത്ത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹത്തെയും അത് വലംെവക്കുന്ന നക്ഷത്രത്തെയും കണ്ടെത്തിയതിനുമാണ് പുരസ്‌കാരം.
- സി.വി. രാമനാണ് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ നേടിയ ഇന്ത്യക്കാരന്‍. ദ്രാവകങ്ങളിലെ വിസരണവുമായി ബന്ധപ്പെട്ട രാമന്‍ ഇഫക്റ്റ്സിന്റെ കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം.
- 2009-ല്‍ ഇന്ത്യന്‍ വംശജനായ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ക്ക് നക്ഷത്രങ്ങളുടെ പരിണാമങ്ങളെക്കുറിച്ച്് നടത്തിയ പഠനങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
സാമ്പത്തികശാസ്ത്രം
ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി, അമേരിക്കക്കാരായ എസ്തേര്‍ ദഫ്ളു, മൈക്കിള്‍ ക്രെമെര്‍ എന്നിവര്‍ക്ക്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതികള്‍ക്കാണ് പുരസ്‌കാരം.
- 1998-ല്‍ ഇന്ത്യക്കാരനായ അമര്‍ത്യാസെന്‍ സാമ്പത്തികശാസ്ത്രത്തില്‍ നൊബേലിന് അര്‍ഹനായി. ക്ഷേമസാമ്പത്തികശാസ്ത്രത്തില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം
സാഹിത്യം
2018-ലെ പുരസ്‌കാരം പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കിനും 2019-ലെ പുരസ്‌കാരം ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്കെയ്ക്കുമാണ്. സമഗ്ര സഭാവനയ്ക്കാണ് പുരസ്‌കാരം.
- രവീന്ദ്രനാഥ് ടാഗോറാണ് നോബേല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍. കൃതി- ഗീതാഞ്ജലി
വൈദ്യശാസ്ത്രം
അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവര്‍ പങ്കിട്ടു. കോശങ്ങള്‍ ഓക്‌സിജന്‍ സ്വീകരിക്കുന്നതും അതിനോട് പൊരുത്തപ്പെടുന്നതും എങ്ങനെയെന്നുള്ള കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം.
- 1968-ല്‍ ഇന്ത്യന്‍ വംശജനായ ഹര്‍ഗോവിന്ദ് ഖുറാനയ്ക്ക് ജനിതക എന്‍ജിയറിങ്ങിലെ മികവിന് വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സമാധാനം
എതോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിയാണ് വിജയി. രണ്ടു പതിറ്റാണ്ടായി അയല്‍രാജ്യമായ എറിത്രിയയുമായി നിലനിന്നിരുന്ന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വീകരിച്ച നിലപാടുകള്‍ക്കാണ് പുരസ്‌കാരം.
- 1979-ല്‍ മദര്‍തെരേസ, 2014-ല്‍ കൈലാഷ് സത്യാര്‍ഥി എന്നിവരാണ് സമാധാനത്തിനുള്ള നൊബേല്‍ നേടിയ ഇന്ത്യക്കാര്‍. രോഗബാധിതര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും നല്‍കിയ സഹായത്തിനാണ് മദര്‍തെരേസയ്ക്ക് നൊബേല്‍ നല്‍കിയത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ നടത്തിയ ശ്രമങ്ങളാണ് കൈലാഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.